back to top

Date:

Share:

അപ്പർച്ചറും ഡെപ്ത് ഓഫ് ഫീൽഡും | Aperture and Depth of field

Related Articles

ദ്വാരമുള്ള വ്യത്യസ്ത വ്യാസത്തിലുള്ള പിച്ചള പ്ലേറ്റുകലിൽ  നിന്ന് ഡിജിറ്റലെസ്  എഫ് സംഖ്യകളിലേയ്ക്കുളള മാറ്റം വളെരെ വേഗത്തിൽ ആയിരുന്നു. എക്‌സ്‌പോഷറിലെ മാറ്റങ്ങളെ പരാമർശിക്കുമ്പോൾ ഫോട്ടോഗ്രാഫർമാർ ‘സ്റ്റോപ്പ്’ എന്ന പ്രയോഗം ഉപയോഗിക്കുന്നു. ലെൻസിലുടെ കടത്തി വിടുന്ന പ്രകാശത്തെ തടഞ്ഞു “നിർത്തുക” എന്ന്  അർ‍ത്ഥത്തിലാണ് സ്റ്റോപ്പുകൾ എന്ന പദം ഉപയോഗിക്കുന്നത്.  

ക്യാമറയുടെ ആദ്യ കാലങ്ങളിൽ പൊതുവായി ഉപയോഗത്തിൽ  ഉണ്ടായിരുന്നത് കറങ്ങുന്ന (Rotate), വാട്ടർഹൗസ്, ഐറിസ് എന്നിങ്ങനെ മൂന്ന് തരം പാറ്റേണുകൾ ആയിരുന്നു. സ്റ്റോപ്പുകൾ എന്ന പദം വാട്ടർഹൗസ് സ്റ്റോപ്പുകൾ എന്ന പദത്തിൽ  നിന്ന് രൂപപ്പെട്ടതാണ്.

waterhouse-stops
വാട്ടര്‍ഹൗസ് സ്റ്റോപ്പുകള്‍

തിരഞ്ഞെടുക്കാവുന്ന അപ്പർച്ചറുകൾ 1858 ൽ ജോൺ വാട്ടർ ആദ്യമായി കണ്ടുപിടിച്ചു. ഇന്നത്തെ അപ്പർച്ചർ സ്റ്റോപ്പുകളിൽ നിന്ന് വ്യത്യസ്തമായി, വാട്ടർഹൗസ് സ്റ്റോപ്പുകൾക്ക് ക്രമീകരിക്കാവുന്ന റിംഗ് ഇല്ല. പകരം, അപ്പർച്ചർ മാറ്റാൻ, ഫോട്ടോഗ്രാഫർമാർ  ദ്വാരമുള്ള വ്യത്യസ്ത വ്യാസത്തിലുള്ള പിച്ചള പ്ലേറ്റുകൾ ഉപയോഗിച്ചു. അപ്പർച്ചർ ക്രമീകരിക്കുന്നതിന് ഷോട്ടുകൾക്കിടയിൽ പ്ലേറ്റുകൾ മാറ്റി. 1880 കളിലാണ് ഫോട്ടോഗ്രാഫർമാർ അപ്പർച്ചർ ചിത്രത്തിന്റെ ആഴത്തെ ബാധിക്കുവെന്നും അതിനാൽ വിവിധ ഇഫക്റ്റുകൾ സൃഷ്ടിക്കാൻ ഡെപ്ത്  ഫീൽഡ് ഉപയോഗിക്കാമെന്നും മനസ്സിലാക്കാൻ തുടങ്ങിയത്.

ഒരു ഫോട്ടോ എടുക്കുമ്പോൾ അനുവദിക്കുന്ന സ്റ്റോപ്പ്.   ഉദാഹരണത്തിന്, ഒരു ഫോട്ടോഗ്രാഫർ തന്റെ എക്സ്പോഷർ വൺ സ്റ്റോപ്പ് വർദ്ധിപ്പിക്കാൻ പോകുന്നു വെന്ന് കേൾക്കുകയാണെങ്കിൽ, അതിനർത്ഥം മുൻ ഷോട്ടിലേതിനേക്കാൾ ഇരട്ടി പ്രകാശം പിടിച്ചെടുക്കാൻ പോകുന്നു എന്നാണ്. ക്രമീകരിക്കാവുന്ന ഒരു ഓപ്പണിംഗാണ് അപ്പർച്ചർ, അതിന്റെ സ്കെയിലിലെ ഓരോ ഘട്ടവും തൊട്ടടുത്ത ഘട്ടങ്ങളേക്കാൾ പകുതിയോ ഇരട്ടിയോ പ്രകാശം അനുവദിക്കും.

അപ്പർച്ചർ

പ്രകാശം ക്യാമറയിലെ ലെൻസിൽ കൂടി കടന്ന് സെൻസറിൽ എത്തുന്നു.  ക്യാമറയിലെക്ക് കടന്നു പോകുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നത് ഡയഫ്രത്തിന്റെ വലിപ്പം അഥവാ തുറവിയാണ്. ഈ വലിപ്പത്തെയാണ് അപ്പർച്ചർ എന്നു വിളിക്കുന്നത്. ലെൻസിലൂടെ ക്യാമറയിലെ സെൻസറിലേക്ക് എത്രമാത്രം പ്രകാശം കടന്നുപോകാൻ കഴിയുമെന്നത് നിയന്ത്രിക്കുന്നത് ലെൻസ് അപ്പർച്ചറാണ്.

pupil

കണ്ണിന്റെ ഉള്ളിലെ കൃഷ്ണമണിയുടെ (പ്യൂപ്പിളിന്റെ) പ്രവർത്തിയാണ് അപ്പർച്ചർ ചെയുന്നത്. ഡയഫ്രം കണ്ണിലെ മിഴിപടലത്തിന്റെ  (ഐറിസിന്റ്)  പ്രവർത്തിയാണ് ചെയ്യുന്നത്. നേരിട്ടുള്ള സൂര്യപ്രകാശം പോലെ വളരെയധികം പ്രകാശം ഉള്ളപ്പോൾ, പ്രകാശത്തിന്റെ അളവ് കുറക്കാൻ പ്യൂപ്പിൾ ചുരുങ്ങുന്നു. ഇരുണ്ട സ്ഥലത്ത് പ്രവേശിക്കുകയാണെങ്കിൽ, പ്യൂപ്പിൾ വിശാലമാകുകയും കുടുതൽ  പ്രകാശം കടത്തി വിടുകയും ചെയ്യുന്നു. ഫോട്ടോഗ്രാഫിയിൽ, ക്യാമറ ലെൻസും ഇതുപോലെ പ്രവർത്തിക്കുന്നു. 

ലെൻസിലെ ഡയഫ്രം  എന്നത് ഒന്നോ അതിൽ കൂടുതലോ ബ്ലേഡുകൾ ചേരുന്നതാണ്. നേർത്ത ലോഹ ഇലകൾ കൊണ്ട് നിർമ്മിച്ച ഒരു വൃത്താകൃതിയിലുള്ള സംവിധാനമാണ് ലെൻസിലെ ഡയഫ്രം. ഒരു പുഷ്പത്തിന്റെ ദളങ്ങൾ പോലെ പരസ്പരം പൊതിഞ്ഞ് അപ്പർച്ചർ രൂപപ്പെടുകയും ലെൻസിന്റെ രണ്ട് മൂലകങ്ങൾക്കിടയിൽ ഘടിപ്പിക്കുകയും ചെയ്യുന്നു. ഇലകൾ കൂർത്ത് അപ്പർച്ചറിന്റെ മധ്യഭാഗത്തേക്ക് വളയുന്നു. അപ്പർച്ചർ വലുതാകുകയും കൂടുതൽ ഇലകൾ ഉപയോഗിച്ച് ഒരു ഡയഫ്രം നിർമ്മിക്കുകയും ചെയ്യുമ്പോൾ അവയുടെ രൂപകൽപ്പന ഒരു വൃത്താകൃതിയിലുള്ള വൃത്തം പൊലെ ആയിരിക്കും. അത് അടയ്‌ക്കുമ്പോൾ, ഇലകളുടെ അരികുകൾ‌ കൂടുതൽ‌ വ്യക്തമാവുകയും,  ഫോക്കസ് ചെയ്യാത്ത ഭാഗങ്ങളിൽ‌ അതായത് ചിത്രത്തിൽ ഒരു ബൊക്കെ രൂപപ്പെടുകയും ചെയ്യുന്നു.അപ്പർച്ചർ വലുപ്പത്തിന്റെ വ്യാസം മാറുന്നതിനനുസരിച്ച്, സെൻസറിലേക്ക് കൂടുതലോ കുറവോ പ്രകാശം അനുവദിക്കുന്നു. ഇത് സാഹചര്യത്തെയും ഫോട്ടോ എടുക്കുന്ന ദൃശ്യത്തെയും ആശ്രയിച്ചിരിക്കുന്നു. 

aperture-blade
അപ്പര്‍ച്ചര്‍ ബ്ലേഡുകള്‍
bokke
ബൊക്കെ
light-through-windows
മുറിയിലെ ജനാലയില്‍കൂടിയുള്ള പ്രകാശം

ഉദാഹരണത്തിന് വീട്ടിലെ ഒരു മുറിയിൽ പ്രകാശം ഇല്ലെന്ന് സങ്കൽപ്പിക്കുക. മുറിയുടെ ജനാല തുറക്കുമ്പോൾ അടുത്ത മുറിയിലെ പ്രകാശം ചെറുതായി കടന്നുവരുന്നു. ജനൽ പകുതീയേ തുറക്കുന്നുള്ളു എങ്കിൽ കുറച്ചു പ്രകാശം മാത്രമെ മുറിയിൽ കടന്നു വരൂ ആ മുറിയിൽ എത്രത്തോളം പ്രകാശം കടക്കണമെന്ന് ജനാല തുറക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.  സമാനമായ പ്രവർത്തനമാണ് ക്യാമറയിലും നടക്കുന്നത്    പ്രകാശത്തിന്റെ  ഏറ്റകുറിച്ചിലുകൾ ചിത്രത്തെ ബാധിക്കും.  അതായത് പല വായ് വലുപ്പം ഉള്ള കുപ്പിയിലേക്ക് ഒരേ സമയം വെള്ളം ഒഴിക്കുന്നു എന്ന്‍ സങ്കല്‍പിക്കുക. ഏത് കുപ്പിയിൽ ആണ് ആദ്യം വെള്ളം നിറയുന്നത്?. സ്വാഭാവികമായിട്ടും ഒരു കുപ്പിയുടെ വായ് വലുപ്പം കുപ്പിയിൽ നിറയുന്ന വെള്ളത്തെ ബാധിക്കുന്നു. അതുപോലെയാണ് ഡയഫ്രത്തിന്റ് വലുപ്പം ലെൻസിലുടെ കടന്ന്‍ പോകുന്ന പ്രകാശത്തെയും ബാധിക്കുന്നു.അപ്പർച്ചർ വലുപ്പത്തിന്റെ വ്യാസം മാറുന്നതിനനുസരിച്ച്, സെൻസറിലേക്ക് കടന്ന്‍ പോകുന്ന പ്രകാശത്തിന് ഏറ്റകുറച്ചിൽ  ഉണ്ടാകുന്നു. അപ്പർച്ചറിന്റെ ഡയഫ്രം വലുതാകുമ്പോൾ കുടുതൽ പ്രകാശം ലെൻസിലുടെ കടന്നു പോകും.  അപ്പർച്ചറിന്റെ ഡയഫ്രം ചെറുതാകുമ്പോൾ കുറച്ചു പ്രകാശം ലെൻസിലുടെ കടന്നു പോകുകയും ഇരുണ്ട ചിത്രം ലഭിക്കുകയും ചെയ്യും. ദൃശ്യത്തിൽ ലഭ്യമായ പ്രകാശത്തെ അടിസ്ഥാനമാക്കി ഒരു പ്രത്യേക അപ്പർച്ചർ തിരഞ്ഞെടുക്കാൻ ഫോട്ടോഗ്രാഫർമാരേ നിർബന്ധിതരാക്കുന്നു. ചിത്രം എത്ര തെളിച്ചമുള്ളതാകണമെന്ന് അപ്പർച്ചർ നിയന്ത്രിക്കുന്നു.

വലിയ അപ്പർച്ചർ = തെളിച്ചമുള്ള ചിത്രം.

ചെറിയ അപ്പർച്ചർ = ഇരുണ്ട ചിത്രം.

അപ്പർച്ചറിന്റെ തുറവി വലുതും ചെറുതും ആകാം. ഓരോ പ്രാവശ്യവും അപ്പർച്ചർ വലുതാകുമ്പോൾ അതിലൂടെ കടന്നുവരുന്ന പ്രകാശത്തിന്റെ അളവ് മുൻപത്തെതിനെക്കാൾ  ഇരട്ടിയാണ്.    നേരെ  വിപരീതമായി ചെയ്യുമ്പോൾ പ്രകാശത്തിന്റെ അളവ് നേർപകുതിയാകുന്നു. മുകളിൽ പറഞ്ഞതുപോലെ പ്രകാശത്തിന്റെ അളവ് ഓരോ തവണ ഇരട്ടിയോ പകുതിയോ ആകുമ്പോൾ അപ്പർച്ചറിന്റെ വ്യാസം ഇരട്ടി ആകുന്നില്ല.

എഫ് സംഖ്യ

എത്ര പ്രകാശം സെൻസറിലേക്ക് കടത്തിവിടുന്നു എന്ന് അളക്കാൻ ഉപയോഗിക്കുന്ന സംഖ്യയുടെ തോതാണ് എഫ്-സ്റ്റോപ്പ് അഥവാ പ്രകാശത്തെ അളക്കാനുപയോഗിക്കുന്ന അളവു കോലിനെ എഫ്-സ്റ്റോപ്പ് എന്നു പറയുന്നു. അളവുകോലിലേ സംഖ്യയെ എഫ്-സംഖ്യ എന്നു വിളിക്കുന്നു. എഫ്-സംഖ്യ തോതിൽ എല്ലാ പോയിന്റിലും (ഹോൾ  സ്റ്റോപ്പിലും) പ്രകാശ ഇരട്ടിയോ അതിൽ പകുതിയോ ആകുന്നു. അപ്പർച്ചർ അഥവാ എഫ്- സംഖ്യ ലൈൻസുമായി ബന്ധപ്പെട്ടു കിടക്കുന്നു.

stop-difference
സ്റ്റോപ്പ്‌ വ്യത്യാസം

ലെൻസിന്റെ അപ്പർച്ചർ ഓരോ സ്റ്റോപ്പിലും പകുതിയോ ഇരട്ടിയോ ആയി കൂടുകയോ കുറയുകയോ ചെയ്യുന്നു. ഉദാഹരണത്തിന് ഒരു മുറിയിൽ  100 വാൾട്ട് (50 വാൾട്ടിന്റെ രണ്ട് ബൾബ്) പ്രകാശം ലഭിക്കുന്നു എന്ന്‍ കരുതുക. 100 വാൾട്ട് പ്രകാശത്തെ ഒരു സ്റ്റോപ്പ്‌ ആയി കണക്കാക്കുകയാണെങ്കിൽ  പകുതി കൊണ്ട് അർത്ഥമാക്കുന്നത് 50% കുറവ് പ്രകാശം ലെൻസിലേക്ക് കടത്തിവിട്ടാൽ മതി അതായത് 50 വാൾട്ട് ബൾബിലുടെ വരുന്ന പ്രകാശം ലെൻസിൽ  കൂടി പ്രവേശിച്ചാൽ മതി.  100 വാൾട്ട് ബൾബിലുടെ വരുന്ന പ്രകാശത്തിന്റ് ഇരട്ടി പ്രകാശം ലെൻസിൽ കൂടി പ്രാവശിക്കണമെങ്കിൽ ഒരു  100 വാൾട്ട്  ബൾബും കുടി മുറിയിൽ ഇടണം. അപ്പോൾ മുറിയിൽ ലഭിക്കുന്ന പ്രകാശം ഇരട്ടിയാകുന്നു അതായത് 200 വാൾട്ട് പ്രകാശം ലഭിക്കുന്നു. 

ചിത്രം പകര്‍ത്തുമ്പോള്‍ ഓരോ സ്റ്റോപ്പിനും അനുസരിച്ച് പ്രകാശം ഇരട്ടിയോ പകുതിയോ ആകുന്നു. ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക്‌ lV, ഫോക്കല്‍ ദൂരം : 360 mm , അപ്പര്‍ച്ചര്‍ : F/5.6 , ഷട്ടറിന്റെ വേഗത : 1/640 sec,ഐ.എസ്.ഒ : 800

Still life shot of DSLR Camera Lens
ലെന്‍സുകളുടെ പുറത്ത് എഫ് സംഖ്യ

എസ്.എൽ.ആർ ക്യാമറ ലെൻസുകളുടെ പുറത്തു എഫ്-സംഖ്യകൾ അടയാളപ്പെടുത്തിരിക്കുന്നു. ഡിജിറ്റൽ ക്യാമറയുഗത്തിലേക്കു വന്നപ്പോൾ എഫ്-സംഖ്യകൾ ഡിജിറ്റൽ സംഖ്യകളായി ക്യാമറയുടെ ഡിജിറ്റൽ സ്‌ക്രീനിൽ ലഭിച്ചു തുടങ്ങി. ലെൻസിന്റെ ചുറ്റിനും അടയാളപ്പെടുത്തിയിരിക്കുന്ന എഫ്-സംഖ്യയ്ക്ക്  പകരം ഡി.എസ്.എൽ.ആർ ക്യാമറകളിൽ ബട്ടണുകൾ അഥവാ സബ് കമാൻഡു ഡയലുകൾ ഉപയോഗിച്ചു അപ്പാർച്ചർ മാറ്റുവാൻ തുടങ്ങി. മുകളിൽ പറഞ്ഞതുപോലെ എഫ് – സംഖ്യ ലെൻസുമായി ബന്ധപ്പെട്ടുകിടക്കുന്നു.

എഫ് – സംഖ്യ ഒരു  ഭിന്നസംഖ്യയായി എഴുതിയിരിക്കുന്നു. എഫ് / 8 എന്ന സംഖ്യയെ അപ്പർച്ചറിന്റ് എട്ടിലൊന്ന് (1/8 ന്) എന്ന ഭിന്നസംഖ്യയായി കരുതാം. F/2 എന്ന സംഖ്യയെ ഒരു അപ്പർച്ചറിന്റ്  1/2 ന് തുല്യമാണ്. F/16 എന്ന സംഖ്യയെ ഒരു അപ്പർച്ചറിന്റ് പതിനാറിലൊന്നിന് (1/16) തുല്യമാണ്. ഒന്നു ചിന്തിച്ച് നോക്കിക്കേ ഒരു കപ്പ് പഞ്ചസാര 1/2 കപ്പ് പഞ്ചസാരയേക്കാൾ കൂടുതലല്ലേ?.

എഫ്-നമ്പർ ചെറുതാണെങ്കിൽ വലിയ അപ്പർച്ചർ.

എഫ്-നമ്പർ വലുതാണെങ്കിൽ ചെറിയ അപ്പർച്ചർ.

അതായത്

f / 2.0 = ശരിക്കും വലിയ ഓപ്പണിംഗ്

f / 16 = ശരിക്കും ചെറിയ ഓപ്പണിംഗ്

ചെറിയ സംഖ്യകൾ വലിയ അപ്പർച്ചറുകളെയും, വലിയ സംഖ്യകൾ ചെറിയ അപ്പർച്ചറുകളെ പ്രതിനിധീകരിക്കുന്നു. ഉദാഹരണത്തിന് f/2, f/16 നേക്കാൾ വലുതാണ്.

ഹോൾ / ഫുൾ / വൺ  സ്റ്റോപ്പ് 

അപ്പർച്ചറിന്റെ വലിപ്പത്തിന്റെ വ്യാസത്തെ √2 കൊണ്ട് ഗുണിക്കുമ്പോൾ വലുപ്പം കൂടി കൂടി വരുന്നു എന്നാൽ അപ്പാർച്ചറിന്റെ വലിപ്പത്തിന്റെ വ്യാസത്തെ √2 കൊണ്ട് ഹരിക്കുമ്പോൾ ചെറിയ ചെറിയ സംഖ്യ കിട്ടുന്നു. ചെറിയ എഫ് സംഖ്യയെന്നാൽ വലിയ അപ്പർച്ചർ എന്നും വലിയ സംഖ്യയെന്നാൽ ചെറിയ അപ്പർച്ചർ എന്നും പറയുന്നു.

പരീക്ഷണം

മുകളില്‍ കാണിച്ചിരിക്കുന്നതുപോലെ ക്യാമറയില്‍ നിന്ന് ലെന്‍സ്‌ മാറ്റിയതിനുശേഷം എഫ്-സംഖ്യ മാറ്റാന്‍ ശ്രെമിക്കുക .അപ്പോള്‍ എഫ്-സംഖ്യ കാണിക്കുന്നിടത്ത് എഫ്/൦ എന്നു കാണുകയുള്ളൂ . എന്നാല്‍ ക്യാമറയില്‍ വീണ്ടും ലെന്‍സ്‌ ഘടിപ്പിക്കുമ്പോള്‍ എഫ് സംഖ്യ കാണുവാനും മാറ്റുവാനും സാധിക്കും .

പൂർണ്ണ (ഹോൾ)  സ്റ്റോപ്പിലെ  എല്ലാം  എഫ് സംഖ്യകളും  എല്ലാം ലെൻസുകളിലും ലഭിക്കണം എന്നില്ല. ഉദാഹരണത്തിന്, 18–135 മിമി എഫ് / 3.5-5.6 എന്ന സൂം ലെൻസിൽ ഏറ്റവും കുറഞ്ഞ ഫോക്കൽ ലെങ്ത് ആയ 18 മില്ലി മിറ്ററിൽ അപ്പർച്ചറിന്റ് പരമാവധി വലുപ്പം എഫ് / 3.5 ആയിരിക്കും. 135 മിമിയിലേക്ക് സൂം ഇൻ ചെയ്യുമ്പോൾ, പരമാവധി അപ്പർച്ചർ എഫ് / 5.6 ആയിരിക്കും, കൂടാതെ സൂം അതിനിടയിലാണെങ്കിൽ മാക്സിമം അപ്പർച്ചർ അതിനിടയിലെവിടെയോ ആയിരിക്കും. എവിടെ സൂം ചെയ്താലും മിനിമം അപ്പർച്ചർ (മാക്സിമം എഫ് സംഖ്യ) മാറില്ല. പൊതുവേ ഒരു ലെൻസിൽ ആറു മുതല്‍ എട്ട് വരെയുള്ള പൂർണ്ണ എഫ് സംഖ്യകൾ കാണപ്പെടുന്നു.ഉദാഹരണത്തിന്, 18–135 മിമി ലെൻസിൽ f/4, f/5.6, f/8, f/11, f/16, f/22, f/32

ലെന്‍സുകളുടെ പുറത്ത് എഫ് സംഖ്യ

50 മിമി ലെൻസിൽ  f/2.8, f/4, f/5.6, f/8, f/11, f/16, f/22 എന്നിങ്ങനെ ഏഴ് വൺ  സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.

ഉദാഹരണത്തിന്, എഫ് / 2.8 (ഏതെങ്കിലും ഒരു എഫ് സംഖ്യ)  കിട്ടിയെങ്കിൽ എഫ് സംഖ്യ കിട്ടുവാൻ എഫ് സംഖ്യയെ √2 കൊണ്ട് ഹരിക്കുക അപ്പോൾ അടുത്ത എഫ്  സ്റ്റോപ്പ് ആയ 2 കിട്ടും. എഫ് സംഖ്യയിൽ ഉയർച്ചയിൽ ഉള്ള അടുത്ത സംഖ്യ കിട്ടാൻ √2 കൊണ്ട് ഗുണിക്കുക. എഫ് സംഖ്യ ഹരിക്കുമ്പോൾ പ്രകാശം ഇരട്ടിയും ഗുണിക്കുമ്പോൾ പ്രകാശം പകുതിയും ആകുന്നു ഇങ്ങനെ ലഭിക്കുന്ന സംഖ്യയെ എഫ് സംഖ്യയിൽ വൺ സ്റ്റോപ്പ് (ഹോൾ സ്റ്റോപ്പ്) എന്നു പറയുന്നു. 

f/0.7×√2 = f/1, f/1×√2 = f/1.4, f/1.4×√2 = f/2, f/2×√2 = f/2.8, f/2.8×√2 = f/4, f/4×√2 = f/5.6, f/5.6×√2 = f/8, f/8×√2 = f/11, f/11×√2 = f/16, f/16×√2 = f/22, f/22×√2 = f/32

കുറയ്ക്കുവാൻ അതായത് പ്രകാശത്തിന്റെ അളവ് f/32 പകുതിയാക്കാൻ (f/32 ÷ √2) = f/22 ഹോൾ സ്റ്റോപ്പ് സ്കെയിൽ : f/1, f/1.4, f/2, f/2.8, f/4, f/5.6, f/8, f/11, f/16, f/22, f/32, f/45, f/64

എഫ് സംഖ്യയുടെ തോതായ ഹോൾ സ്റ്റോപ്പ്  ഓർത്തിരിക്കാൻ ഒരു എളുപ്പമാർഗമുണ്ട്. ആദ്യത്തേ സ്റ്റോപ്പിന്റെയും രണ്ടാമെത്തതിന്റെ സ്റ്റോപ്പിന്റെയും ഇരട്ടിയാണ് ബാക്കിയുള്ളത്. വൺ / ഹോൾ സ്റ്റോപ്പ് സ്കെയിൽ: f/0.7, f/1, f/1.4, f/2, f/2.8, f/4, f/5.6, f/8, f/11, f/16, f/22, f/32.

എഫ് / 2.8 പോലുള്ള ഒരു എഫ്-സ്റ്റോപ്പ് എടുത്ത് എഫ് / 5.6 ലേക്ക് മാറ്റുകയാണെങ്കിൽ, ചിത്രത്തിൽ എഫ് / 2.8 നേക്കാള്‍ നാലിരട്ടി പ്രകാശം ഉണ്ട് അതുകൊണ്ടാണ് എഫ്-സ്റ്റോപ്പ് മാറ്റുന്നത് എന്ന്‍ മനസിലാക്കുക. എഫ് / 5.6 ലിരുന്ന എഫ്-സ്റ്റോപ്പ് എടുത്ത് എഫ് / 2.8 ലേക്ക് മാറ്റുകയാണെങ്കിൽ ചിത്രത്തിന് എഫ് / 5.6 നേക്കാൾ നാലിൽ ഒന്ന്‍ പ്രകാശമേ ഉള്ളു. 

 grey scale-
അപ്പര്‍ച്ചര്‍ ഗ്രേ സെല്‍

പരീക്ഷണം

എഫ് സംഖ്യയുടെ തോതായ ഹോള്‍ സ്റ്റോപ്പിലെ ഓരോ സംഖ്യകളും മാറ്റുമ്പോള്‍ ചിത്രത്തിന് എന്തു സംഭവിക്കും എന്ന് നോക്കാം . വിഷയം തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ആവശ്യത്തിന് പ്രകാശം വിഷയത്തില്‍ പതിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക . ക്യാമറയെ ഒരു കുലുക്കവും സംഭവിക്കാത്ത പ്രതലത്തിലോ (ഉദാ : മേശ ) , ട്രൈപോഡിലോ വെക്കുക.ഐ.എസ്.ഓ 100 ഉം ഷട്ടര്‍ സ്പീഡ് 1/125 ക്രമീകരിച്ചതിന് ശേഷം ഹോള്‍ സ്റ്റോപ്പിലെ ഓരോ എഫ് സംഖ്യകളും അതായത് ഹോള്‍ സ്റ്റോപ്പും മാറ്റി ചിത്രത്തില്‍ വരുന്ന മാറ്റം ശ്രദ്ധിക്കുക.ഓരോ ഹോള്‍ സ്റ്റോപ്പൂം മാറ്റുമ്പോള്‍ ചിത്രത്തിലെ പ്രകാശം കയറുന്നതിനായി കാണും . അതായത് ഒരു ഗ്രേ സ്കേല്‍ രൂപപ്പെടുന്നതായി കാണാം.ഗ്രേ സ്കേല്‍ ലഭിക്കാനായി ഫോട്ടോഷോപ്പില്‍ എടുത്ത ചിത്രത്തിന്റെ വര്‍ണ്ണം പിക്ക് ചെയ്യുന്ന ടൂള്‍ ഉപയോഗിച്ച് വര്‍ണ്ണം പിക്ക് ചെയ്യുമ്പോള്‍ ഒരു ഗ്രേ സ്കേല്‍ ലഭിക്കും.

ഇടക്കുള്ള എഫ് സംഖ്യകൾ

ചില സന്ദർഭങ്ങളിൽ ഹോൾ സ്റ്റോപ്പിനേക്കാൾ ചെറിയ ഇടക്കുള്ള എഫ് സംഖ്യകൾ അറിഞ്ഞിരിക്കേണ്ടതാണ് ആവിശ്യമാണ്. അതായത് 1/3, 1/2, 2/3 സ്റ്റോപ്പ് എന്നിങ്ങനെ ഹോൾ സ്റ്റോപ്പുകൾക്ക് ഇടയില്‍ ചെറിയ എഫ് സംഖ്യകളും ഉണ്ട്. 

എഫ് സംഖ്യ തോതിൽ ഓരോ നിർണായക സംഖ്യകൾ കിട്ടാൻ മുൻപിലുള്ള സംഖ്യയെ സ്ഥിരമായ അംഗം √2 കൊണ്ട് ഹരിക്കുകയോ ഗുണിക്കുകയോ ചെയുമ്പോൾ ഹോൾ സ്റ്റോപ്പ് കിട്ടും. അതുപോലെ

ഉദാഹരണത്തിന്, 

വൺ സ്റ്റോപ്പ്  അഥവാ ഹോൾ സ്റ്റോപ്പ്: 0.7 ആണെങ്കിൽ

മൂന്നിലൊന്ന് (1/3) സ്റ്റോപ്പുകൾ : 0.7 x 1.33 = 0.7 x 1.15 = 0.81           

ഹാഫ് സ്റ്റോപ്പ് (1/2) സ്റ്റോപ്പുകൾ : 0.7 x 1.5 = 0.7 x 1.22 = 0.86 

മൂന്നിൽ രണ്ട് (2/3) സ്റ്റോപ്പുകൾ : 0.7 x 1.67 = 0.7 x 1.29 = 0.90 

ഒരു പൂർണ്ണ സ്റ്റോപ്പ് : 0.7 x 2 = 0.7 x 1.414 = 0.99 = 1 

ഹോൾ സ്റ്റോപ്പ് ലഭിക്കാൻ മുൻപിലുള്ള അക്കത്തെ √2 കൊണ്ട് ഗുണിക്കുക, കുറയ്ക്കുവാന്‍ മുൻപിലുള്ള അക്കത്തെ √2 കൊണ്ട് ഹരിക്കുക.

വൺ / ഹോൾ  സ്കെയിൽ: f/0.7, f/1, f/1.4, f/2, f/2.8, f/4, f/5.6, f/8, f/11, f/16, f/22, f/32, f/44

1/3 സ്റ്റോപ്പ് ലഭിക്കാൻ മുൻപിലുള്ള അക്കത്തെ √1.33 കൊണ്ട് ഗുണിക്കുക, കുറയ്ക്കുവാൻ മുൻപിലുള്ള അക്കത്തെ √1.33 കൊണ്ട് ഹരിക്കുക.

വൺ തേർഡ് സ്റ്റോപ്പ് സ്കെയിൽ f/0.8, f/1.1, f/1.6, f/2.2, f/3.2, f/4.5, f/6.3, f/9, f/13, f/18, f/25, f/36, f/51 

1/2 സ്റ്റോപ്പ് ലഭിക്കാൻ മുൻപിലുള്ള അക്കത്തെ √1.5 കൊണ്ട് ഗുണിക്കുക, കുറയ്ക്കുവാൻ മുൻപിലുള്ള അക്കത്തെ √1.5 കൊണ്ട് ഹരിക്കുക.

ഹാഫ് സ്റ്റോപ്പ് സ്കെയിൽ f/0.86, f/1.2, f/1.7, f/2.4, f/3.3, f/4.8, f/6,7, f/9.5, f/14, f/19, f/27, f/38, f/54

2/3 എഫ് സ്റ്റോപ്പ് ലഭിക്കാൻ മുൻപിലുള്ള അക്കത്തെ √1.67 കൊണ്ട് ഗുണിക്കുക, കുറയ്ക്കുവാൻ മുൻപിലുള്ള അക്കത്തെ √2 കൊണ്ട് ഹരിക്കുക.

മൂന്നില്‍ രണ്ട് സ്റ്റോപ്പ് സ്കെയിൽ f/0.9, f/1.3, f/1.8, f/2.5, f/3.5, f/5.0, f/7.1, f/10, f/15, f/20, f/29, f/40, f/57

ഒരു ക്യാമറയിൽ പൊതുവ വൺ സ്റ്റോപ്പ്, വൺ തേർഡ് സ്റ്റോപ്പ്, മുനിൽ രണ്ട് സ്റ്റോപ്പ്, വൺ സ്റ്റോപ്പ്, എന്നി ക്രമത്തിൽ അഥവാ വൺ സ്റ്റോപ്പ്, ഹാഫ് സ്റ്റോപ്പ്, വൺ സ്റ്റോപ്പ് എന്നി ക്രമത്തിൽ  ആയിരിക്കും. ചില ക്യാമറയിൽ ഇത് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനുള്ള ക്രമികരണങ്ങൾ കൊടുത്തിട്ട് ഉണ്ട്. 

സമ്പൂർണ്ണ അപ്പർച്ചർ (ആബ്സലൂറ്റ് അപ്പർച്ചർ)

ഡയഫ്രം ഓപ്പണിംഗ് അല്ലെങ്കിൽ അപ്പർച്ചർ ഓപ്പണിംഗിന്റെ വ്യാസം പ്രതിനിധീകരിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് സമ്പൂർണ്ണ അപ്പർച്ചർ. സമ്പൂർണ്ണ അപ്പർച്ചറിന്റെ മൂല്യം മില്ലീമീറ്ററിൽ (മില്ലിമീറ്റർ) അളക്കുന്നു.

ആപേക്ഷിക അപ്പർച്ചർ (റെലറ്റിവ് അപ്പർച്ചർ)

എഫ്-നമ്പറിനെ പ്രതിനിധീകരിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് ആപേക്ഷിക അപ്പർച്ചർ (എഫ്-അനുപാതം). ആപേക്ഷിക അപ്പർച്ചറിന്റെ അല്ലെങ്കിൽ എഫ്-നമ്പറിന്റെ മൂല്യം രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലെൻസിന്റെ ഫോക്കൽ ലെങ്ത് കൂടാതെ സമ്പൂർണ്ണ അപ്പർച്ചർ.

ക്യാമറ ലെൻസിന്റെ ആപേക്ഷിക അപ്പർച്ചർ ചിലപ്പോൾ ലളിതമായ അനുപാതമായി പ്രകടിപ്പിക്കുന്നു 1:3.5-5.6 അല്ലെങ്കിൽ 1:4.5 തുടങ്ങിയവ. അതിന്റെ എഫ്-നമ്പർ, അതായത് f/3.5 അല്ലെങ്കിൽ f/4.5 എന്ന് സാധാരണയായി പരാമർശിക്കുന്നു.

ഫലപ്രദമായ (ഇഫെക്റ്റിവ് ) അപ്പർച്ചർ 

ലെൻസിന്റെ മുൻവശത്തെ മൂലകത്തിലൂടെ കാണുന്നതുപോലെ ഡയഫ്രം തുറക്കുന്നതിന്റെ വ്യാസം അനുസരിച്ചുളള വലിപ്പമാണ് ഫലപ്രദമായ അപ്പർച്ചർ. തന്നിരിക്കുന്ന അപ്പർച്ചർ ക്രമീകരണത്തിനായി എഫ്-നമ്പർ കണക്കാക്കാൻ ഉപയോഗിക്കുന്ന വ്യക്തമായ വ്യാസമാണിത്. എൻട്രൻസ് പ്യൂപ്പിൾ (ഇപി) ആണ് പൊതുവായി അംഗീകരിക്കപ്പെട്ട സാങ്കേതിക പദം. എഫക്റ്റീവ് അപ്പർച്ചർ (ഇഎ) എന്നാൽ എഫ്-നമ്പർ കണക്കാക്കാൻ ഫോക്കൽ ലെങ്ത് വിഭജിക്കാൻ ഉപയോഗിക്കുന്ന അപ്പർച്ചർ ഓപ്പണിംഗിനെ പരാമർശിക്കുന്നതിന് സമാനമാണ്.

ആഴത്തിന്റെ വിശാലാപരപ്പ് (ഡെപ്ത് ഓഫ് ഫീൽഡ്)

ഡെപ്ത് ഓഫ് ഫീൽഡ് എന്നാൽ ക്യാമറ ലെൻസിന് ഒരു വസ്തുവിനെ ഒരേ സമയം ഒരേ ദൂരത്തിൽ എത്ര വ്യക്തമായി കാണാൻ കഴിയുന്നു എന്നതാണ്. അതായത് ദൂരത്തിന്റെ വ്യാപ്തിയിൽ വസ്തു എത്ര വ്യക്തതയോടെ കാണുന്നു. വ്യക്തതയുടെ ദൂരത്തെ ഡെപ്ത് ഓഫ് ഫീൽഡ് എന്നുപറയുന്നു. സ്വീകാര്യമായ മൂർച്ചയുള്ളതായി കാണപ്പെടുന്ന ഒരു ചിത്രത്തിലെ  ഏറ്റവും അടുത്തതും വിദൂരവുമായ വസ്തുക്കൾ തമ്മിലുള്ള ദൂരമാണ് ഫീൽഡിന്റെ ആഴം.

what-is-a-preview-button

ക്യാമറ ആംഗിളിന്റെയും സ്ഥാനത്തിന്റെയും അടിസ്ഥാനത്തിൽ, ഒരു ഫ്രെയിം അല്ലെങ്കിൽ ഇമേജ് മൂന്ന് സെഷനുകളായി തിരിക്കാം, അതായത് മുൻഭാഗം, മധ്യഭാഗവും, പശ്ചാത്തലം അഥവാ പുറകുഭാഗം ഇവ മുന്നിലെയും വ്യക്തതയുടെ ദൂരം ഒരു ദൃശ്യത്തിൽ എത്രയുണ്ട് എന്ന് നിര്‍ണ്ണയിക്കുകയാണ് ഡെപ്ത് ഓഫ് ഫീൽഡ് ചെയ്യുന്നത്.

ചില ക്യാമറകൾക്ക് ഡെപ്ത് ഓഫ് ഫീൽഡ് പ്രിവ്യൂ ബട്ടൺ ഉണ്ട്, ഇത് ഫോട്ടോഗ്രാഫർക്ക് ഫീൽഡിന്റെ ആഴത്തിന്റെ ഏകദേശ രൂപം നൽകുന്നു. വ്യൂഫൈൻഡറിലൂടെ, അന്തിമ ചിത്രം എങ്ങനെയായിരിക്കുമെന്നതിന്റെ പ്രിവ്യൂ കാണാൻ കഴിയും.

ഷാലോ ഡെപ്ത് ഓഫ് ഫീൽഡ്

അപ്പർച്ചറിന്റെ വലിയ തുറവി ഉപയോഗിച്ചു കുറച്ചു ഭാഗത്തെ വ്യക്തത കിട്ടുന്നുള്ളു എങ്കിൽ ഇങ്ങനെയുള്ള കുറഞ്ഞ വ്യക്തതതയെ ഷാലോ ഡെപ്ത് ഓഫ് ഫീൽഡ് എന്ന് പറയുന്നു. 

വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാഗം വ്യക്തതയുളളതുമായിരിക്കുകയും മധ്യഭാഗവും മുൻ‌ഭാഗവും അല്ലെങ്കിൽ മുൻ‌ഭാഗവും പശ്ചാത്തലവും അവ്യക്തമായി തുടരുകയും ചെയ്താൽ  ഫീൽഡിന്റെ  ആഴം കുറഞ്ഞതായിരിക്കും.  ശ്രദ്ധ തിരിക്കാനുതകുന്ന ഏതെങ്കിലും പശ്ചാത്തലത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ  മങ്ങിക്കുമ്പോൾ ചിത്രത്തിന്റെ ചെറിയ അളവ് മാത്രം മൂർച്ചയുള്ള ഫോക്കസ് ആയിരിക്കുമ്പോൾ ആഴം കുറഞ്ഞ അല്ലെങ്കിൽ ഷാലോ ഡെപ്ത് ഓഫ് ഫീൽഡ് ഉപയോഗിക്കുന്നു എന്ന് പറയുന്നു.

ഡെപ്ത് ഓഫ് ഫീൽഡ് വിഷയത്തിന്‍റെ ആഴത്തെ ബാധിക്കുന്നതോടപ്പം ചിത്രത്തിലെ പ്രകാശത്തിനും വ്യത്യാസം വരുത്തുന്നു. ഫോട്ടോഗ്രഫി -എബിന്‍ അലക്സ്‌ | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക്‌ lV, ഫോക്കല്‍ ദൂരം : 360 mm , അപ്പര്‍ച്ചര്‍ : F/5.6 , ഷട്ടറിന്റെ വേഗത : 1/640 sec,ഐ.എസ്.ഒ : 800

ആഴം കുറഞ്ഞതോ ഇടുങ്ങിയതോ ആയ ഫീൽഡിന് വളരെ ചെറിയ ഏരിയയിൽ മാത്രമേ മൂർച്ചയുള്ള (ഷാർപ്പനെസ്) വ്യക്തത (ഫോക്കസ്) കാണുകയുള്ളൂ. അതായത്, ചെറിയ എഫ്-സ്റ്റോപ്പ് നമ്പറോ വലിയ അപ്പർച്ചർ ഓപ്പണിംഗോ ഫീൽഡിന്റെ ആഴം കുറയ്ക്കുന്നു. ചെറുതോ ആഴമില്ലാത്തതോ ആയ ഡെപ്ത് ഫീൽഡ് എന്നാൽ ചെറിയ ഫോക്കസ് ശ്രേണി. 

വിശാലമായ അപ്പർച്ചർ (താഴ്ന്ന എഫ്-നമ്പർ), ആഴം കുറഞ്ഞ ഫീൽഡിന്റെ  ആഴം നല്‍കുന്നു.

shallow-depth-of-field

ലാർജ് ഡെപ്ത് ഓഫ് ഫീൽഡ്

ചെറിയ തുറവിയിൽ വലിയ ആഴത്തിൽ വ്യക്തത കിട്ടുന്നു എങ്കിൽ ഇങ്ങനെ കിട്ടുന്ന വലിയ ആഴത്തിലുള്ള വ്യക്തമായ ഭാഗത്തെ ലാർജ് ഡെപ്ത് ഓഫ് ഫീൽഡ് എന്നു പറയുന്നു. വലിയ എഫ്-സ്റ്റോപ്പ് നമ്പറോ ചെറിയ അപ്പർച്ചർ ഓപ്പണിംഗോ ഒരു വിഷയത്തിന്റെ അഥവാ ദൃശ്യത്തിന്റെ കുടുതൽ ഭാഗം വ്യക്തതയുളളതാക്കുകയും, മൂർച്ചയുള്ളതാക്കുകയും (ഷാർപ്പനെസ്)  ചെയ്യും. വലിയ ഡെപ്ത് ഓഫ് ഫീൽഡ് നൽകുന്നു. ഒരു വലിയ ഡെപ്ത് ഫീൽഡ് അർത്ഥമാക്കുന്നത് രംഗത്തിന്റെ ഒരു ഭാഗം മാത്രം ഫോക്കസ് ചെയ്യുമ്പോൾ ആഴം കുറഞ്ഞ ഒരു ഫീൽഡിന് വിപരീതമായി, രംഗത്തിന്റെ വലിയ ശ്രേണി ഫോക്കസിലാകുന്നു.

ഒരു വലിയ ഡെപ്ത് ഫീൽഡ് നേടാൻ, ഒരു ചെറിയ അപ്പർച്ചർ ഉപയോഗിക്കുന്നു. 

അടുത്തുള്ള വസ്തുക്കളും കൂടുതൽ ദൂരെയുള്ള വസ്തുക്കളും മൂർച്ചയുള്ളതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണെന്ന് ഉറപ്പാക്കാൻ ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫി സാധാരണയായി വലിയ ഡെപ്ത് ഫീൽഡ് ഉപയോഗിക്കുന്നു.

large-depth-of-field

ഒരു ചിത്രത്തിലെ ഡെപ്ത് ഓഫ് ഫീൽഡിനെ ബാധിക്കുന്ന ഘടകങ്ങൾ.

പലപ്പോഴും പല ഫോട്ടോഗ്രാഫർമാരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യം ഉണ്ട്. ചിത്രത്തിന്‍ ഡെപ്ത് ഇല്ല എന്ന്‍. എന്നാൽ ഒരു ചിത്രത്തിലെ ഡെപ്തിനെ ബാധിക്കുന്ന പല ഘടകങ്ങൾ ഉണ്ട്.

ദൂരം

അപ്പാർച്ചർ

ഫോക്കസ് ലെങ്ത്

സെൻസർ വലുപ്പം

ഒരു ചിത്രത്തിന്റെ ആഴത്തിന്റെ വ്യക്തത കൂടുമ്പോള്‍ ലാര്‍ജ് ഡെപ്ത് ഓഫ്‌ ഫീല്‍ഡും വ്യക്തത കുറയുമ്പോള്‍ ഷാലോ ഡെപ്ത് ഓഫ്‌ ഫീല്‍ഡും ലഭിക്കുന്നു. ഫോട്ടോഗ്രഫി -എബിന്‍ അലക്സ്‌ | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക്‌ lV, ഫോക്കല്‍ ദൂരം : 360 mm , അപ്പര്‍ച്ചര്‍ : F/5.6 , ഷട്ടറിന്റെ വേഗത : 1/640 sec,ഐ.എസ്.ഒ : 800

ദൂരം

വിഷയവും ക്യാമറയും തമ്മിലുള്ള ദൂരവും, വിഷയവും പശ്ചാത്തലവും തമ്മിലുള്ള ദൂരവും കുറവാണെങ്കിൽ, ഫീൽഡിന്റെ  ആഴം  കുറവായിരിക്കും,   ദൂരം  കുടുതലാണെങ്കിൽ ഫീൽഡിന്റെ ആഴം കുടുതലായിരിക്കും. വ്യക്തതയുടെ  ദൂരമല്ല ഇവിടെ പ്രതിബാധിക്കുന്നത്.  അതുപോലെ വിഷയത്തിന്റെ സ്ഥാനവും,  വലുപ്പവും, ആംഗിളും ഒരു ദൃശ്യത്തിന്റ് ഡെപ്ത് ഓഫ് ഫീൽഡിനെ സ്വാധീനിക്കുന്നു.

വലിയ ആഴത്തിലുള്ള വിശാലപ്പരപ്പ് കിട്ടാൻ വിഷയത്തിൽ നിന്ന് ദൂരെ പോകണം അതായത് വിഷയവും ക്യാമറയും തമ്മിലുള്ള ദൂരം കുടുതൽ ആയിരിക്കണം എന്നാൽ ചെറിയ ആഴത്തിലുള്ള വിശാലപ്പരപ്പ് കിട്ടാൻ വിഷയത്തിന്റെ അടുത്ത് പോകണം, അതായത് വിഷയത്തിൻറെ ദൂരം ഡെപ്ത് ഓഫ് ഫീൽഡിനെ ബാധിക്കുന്നു.

പരീക്ഷണം

ഒരു വിഷയത്തിന്‍റെ എക്‌സ്‌പോഷര്‍ അതായത് അപ്പര്‍ച്ചറും,ഷട്ടര്‍ സ്പീഡും .ഐ.എസ്ഒയും മറ്റ് പാരാമീറ്ററുകളും തീരുമാനിക്കുക . അതിനുശേഷം വിഷയത്തിന്‍റെ ദൂരം മാറ്റി ചിത്രം എടുക്കുക .ചിത്രത്തില്‍ വരുന്ന ഡെപ്ത് ഓഫ്‌ ഫീല്‍ഡിന്റെ വിത്യാസം മനസ്സിലാക്കുക

അപ്പാർച്ചർ

അപ്പർച്ചർ കുറയ്ക്കുന്നതും ലെൻസിന്റെ ആഴം കൂട്ടുന്നതിനും ഫലമുണ്ട്. അതിനർത്ഥം ലെൻസ് ഫോക്കസ് ചെയ്യുന്ന സ്ഥലത്തിന് മുന്നിലും പിന്നിലും ചിത്രത്തിന് വ്യക്തതയുടെ സ്വീകാര്യത കൂടുന്നു. ഇമേജിന്റെ മൂർച്ചയുള്ള (ഷാർപ്പനെസ്) ഭാഗമാണ് ഡെപ്ത് ഓഫ് ഫീൽഡ്, അല്ലാതെ പശ്ചാത്തലത്തിന്റെ മങ്ങിയ  ഭാഗമല്ല.

 aperture

അപ്പർച്ചറിന്റെ ഓപ്പണിംഗും എഫ്-സ്റ്റോപ്പ് നമ്പറും ഒരു ചിത്രത്തിന്റെ ആഴത്തെ ബാധിക്കുന്നു. അതായത് വലിയ അപ്പർച്ചർ ഓപ്പണിംഗ് അല്ലെങ്കിൽ ചെറിയ എഫ്-സ്റ്റോപ്പ് നമ്പർ ആഴം കുറഞ്ഞ ഫീൽഡ് നൽകുന്നു. ചെറിയ അപ്പർച്ചർ ഓപ്പണിംഗ് അല്ലെങ്കിൽ വലിയ എഫ്-സ്റ്റോപ്പ് നമ്പർ വലിയ ഫീൽഡ് ഫീൽഡ് നൽകുന്നു.

ഒരു ചിത്രത്തിന്റെ മുൻഭാഗത്തിന്റെയും മധൃഭാഗത്തിന്റെയും പുറകുഭാഗത്തിന്റെയും വ്യക്തതയുടെ ദൂരം അപ്പർച്ചർ അനുസരിച്ചു മാറി കൊണ്ടിരിക്കും .

വിഷയവും ക്യാമറയും തമ്മിലുള്ള ദൂരവും , വിഷയവും പശ്ചാത്തലവും തമ്മിലുള്ള ദൂരവും ഫീല്‍ഡിന്റെ ആഴത്തെ ബാധിക്കുന്നു .ഫോട്ടോഗ്രഫി -എബിന്‍ അലക്സ്‌ | | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക്‌ lV, ഫോക്കല്‍ ദൂരം : 400 mm , അപ്പര്‍ച്ചര്‍ : F/5.6 , ഷട്ടറിന്റെ വേഗത : 1/640 sec,ഐ.എസ്.ഒ : 800

എഫ് / 16 അല്ലെങ്കിൽ എഫ് / 22 അല്ലെങ്കിൽ എഫ് / 32 പോലുള്ള ഒരു വലിയ എഫ്-നമ്പർ (ഇതിനർത്ഥം ചെറിയ അപ്പർച്ചർ വലുപ്പം) ചിത്രത്തിന്റെ മുൻഭാഗത്തിന്റെയും പശ്ചാത്തല വിഷയങ്ങളെയും ഫോക്കസ് ചെയ്യും.

ഒരു ചെറിയ എഫ്-നമ്പർ, എഫ് / 1.4 അല്ലെങ്കിൽ എഫ് / 1.8 അല്ലെങ്കിൽ എഫ് / 2 (അതിനർത്ഥം ഒരു വലിയ അപ്പർച്ചർ വലുപ്പം) മുൻഭാഗത്തിലെ (ഫോർഗ്രൗണ്ട്) വിഷയങ്ങൾ മൂർച്ചയുള്ളതും (ഷാർപ്പനെസ്)  അതായത് ഫോക്കസ് ചെയ്ത ഭാഗവും പശ്ചാത്തലത്തെയും വേർതിരിക്കും.

വൈഡ് അപ്പർച്ചർ ഓപ്പണിംഗ് അല്ലെങ്കിൽ ചെറിയ എഫ്-സ്റ്റോപ്പ് നമ്പർ ആഴം കുറഞ്ഞ ഫീൽഡും എക്‌സ്‌പോഷറിന് കൂടുതൽ പ്രകാശവും നൽകുന്നു. എഫ്-സ്റ്റോപ്പ് നമ്പർ കുറക്കുന്നത് അനുസരിച്ച് എക്‌സ്‌പോഷറിലെ (ഷട്ടർ സ്പീഡും ഐ‌എസ്ഒയും) മറ്റ് പാരാമീറ്ററുകൾ സമതുലിതമാക്കേണ്ടതാണ്. കൂടാതെ, ഫോട്ടോഗ്രാഫിക്കായി സ്ട്രോബുകൾ (സ്റ്റുഡിയോ ലൈറ്റുകൾ) ഉപയോഗിക്കുകയും ഡെപ്ത് ഓഫ് ഫീൽഡ് പ്രയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, എൻ‌ഡി ഫിൽ‌റ്റർ (ND Filter)‌ ഉപയോഗിക്കുന്നത്‌ പ്രകാശം കുറക്കാനും ആഴം കുറഞ്ഞ ചിത്രം നേടാനും കഴിയും.

അപ്പര്‍ച്ചര്‍ മാറുന്നത് ചിത്രത്തിന്റെ ആഴം കൂട്ടുന്നതിനും കുറക്കുന്നതിനും കാരണമാകുന്നു .ഫോട്ടോഗ്രഫി-എബിന്‍ അലക്സ്‌ | ക്യാമറ : കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക്‌ lV, ഫോക്കല്‍ ദൂരം : 35 mm , അപ്പര്‍ച്ചര്‍ : F/22 , ഷട്ടറിന്റെ വേഗത : 1/250sec,ഐ.എസ്.ഒ :100

ഫീൽഡിന്റെ ആഴത്തെക്കുറിച്ചുള്ള ധാരണ ഒരു ചിത്രത്തിൽ പ്രകാശവും നിഴലും ഉപയോഗിച്ച് പ്രയോഗിക്കാൻ കഴിയും. ലൈറ്റ് ചെയ്ത ഏരിയ അല്ലെങ്കിൽ ഹൈലൈറ്റുകൾ, ഷേഡുകൾ അല്ലെങ്കിൽ ഷാഡോ ഏരിയ എന്നിവയുടെ ശരിയായ ഉപയോഗം, ചിത്രത്തിലെ ആഴം കൈവരിക്കാൻ കഴിയും.

ഉദാഹരണത്തിന് ക്യാമറയിൽ എഫ് / 8 ൽ കുറഞ്ഞ സ്റ്റോപ്പ് ഉപയോഗിക്കുന്നു. ചിത്രത്തിന്റെ മുൻ ഭാഗം ഫോക്കസ് ചെയ്ത് എടുക്കുമ്പോൾ ആഴത്തിന്റെ വിശാല പരപ്പ് കുറവായിരിക്കുകയും മുൻഭാഗം മാത്രം വ്യക്തതയുള്ള മധ്യഭാഗവും പുറകുഭാഗവും വ്യക്തത വളരെ കുറവായിരിക്കും എന്നാൽ എഫ് / 8 മുകളിൽ സ്റ്റോപ്പ് ഉപയോഗിക്കുമ്പോൾ മുൻഭാഗവും പുറകുവശവും വ്യക്തതയുള്ളതായി കാണപ്പെടും. എഫ് / 8 താഴെയുള്ള സ്റ്റോപ്പ് ഉപയോഗിക്കുമ്പോൾ ചെറിയ ആഴത്തിലുള്ള വിശാലപ്പരപ്പ് (ഷാലോ ഡെപ്ത് ഓഫ് ഫീൽഡ്) അതായത് കൂടുതൽ പ്രകാശം ലഭിക്കും. എഫ് / 8 ന് മുകളിലുള്ള സ്റ്റോപ്പ് ഉപയോഗിക്കുമ്പോൾ വലിയ ആഴത്തിലുള്ള വിശാലപ്പരപ്പ് (ലാർജ്  ഡെപ്ത് ഓഫ് ഫീൽഡ്)  അതായത് കുറച്ചു പ്രകാശം ലഭിക്കും.

പരീക്ഷണം

ഒരു വിഷയത്തിന്‍റെ എക്സ്പോഷര്‍ അതായത് ഷട്ടര്‍ സ്പീഡും ഐഎസ്ഒയും മറ്റ് പാരാമീറ്ററുകളും തീരുമാനിക്കുക . അതിന്ശേഷം അപ്പര്‍ച്ചറിന്റെ ഓപ്പണിംഗ് , എഫ് -സ്റ്റോപ്പ്‌ നമ്പര്‍ മാറ്റി ( ഷട്ടര്‍ സ്പീഡും ഐഎസ്ഒയും എഫ്-സ്റ്റോപ്പിന് അനുപാതികമായി മാറ്റുക) എക്സ്പോഷര്‍ ക്രമീകരിച്ച് ചിത്രം എടുക്കുക. ചിത്രത്തില്‍ വരുന്ന ഡെപ്ത് ഓഫ്‌ ഫീല്‍ഡിന്റെ വിത്യാസം മനസ്സിലാക്കുക.

ഫോക്കസ് ലെങ്ത്

ഒരു ക്യാമറ ലെൻസിന്റ് ഫോക്കൽ ലെങ്തിന്റെ മാറ്റം ഡെപ്ത് ഓഫ് ഫീൽഡിലും മാറ്റം ഉണ്ടാകും അതായത് 70-200 എംഎം ലെൻസിൽ ഒരു ചിത്രം 70 എംഎം ൽ എടുക്കുന്നതും 200 എംഎം ൽ എടുക്കുന്നതിന്റെയും പശ്ചാത്തലത്തിന്റെയും വ്യക്തതയ്ക്ക് (ഫോക്കസ്) വിത്യാസം ഉണ്ടായിരിക്കും ഫോക്കൽ ദൈർഘ്യം കൂടുതലാണെങ്കിൽ, ഫീൽഡിന്റെ ആഴം കുറവായിരിക്കും.  ഫോക്കൽ ലെങ്ത് ചെറുതാണെങ്കിൽ ഫീൽഡിന്റെ ആഴം വലുതായിരിക്കും.

ഒരു വിഷയത്തിന്റെ ഒരേ വലുപ്പത്തിൽ ഒരേ അപ്പർച്ചറിൽ വൈഡ് ആംഗിളോ, ടെലിഫോട്ടോ ലെൻസോ  ഉപയോഗിച്ച്  ചിത്രം പകർത്തുമ്പോൾ അവയിൽ ഒരേ ഡെപ്ത് ഫീൽഡ് ആയിരിക്കും എന്നാൽ വിഷയത്തിന്റെ ഫോക്കൽ ലെങ്ത് മറ്റുകയാണെങ്കിൽ അത് ഡെപ്ത് ഓഫ് ഫീൽഡിനെ ബാധിക്കും.

ദൈർഘ്യമേറിയ ഫോക്കൽ ദൈർഘ്യം = ഫീൽഡിന്റെ ആഴം കുറഞ്ഞ ആഴം.

ഉദാഹരണം ടെലി ലെൻസുകൾ

ഹ്രസ്വ ഫോക്കൽ ദൈർഘ്യം = ഫീൽഡിന്റെ വലിയ ആഴം.

ഉദാഹരണം വൈഡ് ആംഗിൾ ലെൻസുകൾ.

പരീക്ഷണം

ഒരു വിഷയത്തിന്‍റെ എക്സ്പോഷര്‍ ( ഷട്ടര്‍ സ്പീഡും ഐഎസ്ഒയും) മറ്റ് പാരാമീറ്ററുകളും തീരുമാനിക്കുക . നന്നായി പ്രകാശമുള്ള വസ്തുവിന്റെ ചിത്രം എടുക്കുവാനായി അപ്പര്‍ച്ചര്‍ : f/28 , ഷട്ടര്‍ സ്പീഡ് : 1/125,ഐഎസ്ഒ : 100 . മുകളില്‍ പറഞ്ഞിരിക്കുന്ന ക്രമീകരണം അനുസരിച്ച് എക്സ്പോഷര്‍ മീറ്റര്‍ ശരിയാകുന്നില്ലെങ്കില്‍ ഷട്ടര്‍ സ്പീഡിനെ നിയന്ത്രിച്ച് എക്സ്പോഷറില്‍ മീറ്റര്‍ സമതുലിതമാക്കേണ്ടതാണ്.അതിന്ശേഷം എക്സ്പോഷര്‍ ക്രമീകരണം മാറ്റതേ ലെന്‍സില്‍ ഉള്ള ഓരോ ഫോക്കല്‍ ലെങ്ങ്തും മാറ്റി ചിത്രം എടുക്കുക . ചിത്രത്തില്‍ വരുന്ന ഡെപ്ത് ഓഫ് ഫീൽഡിന്റെ വിത്യാസം മനസ്സിലാക്കുക.

സെൻസർ വലുപ്പം

സെൻസറിന്റ് വലുപ്പം ഡെപ്ത് ഓഫ് ഫീൽഡിനെ ബാധിക്കുന്നു. വലിയ സെൻസർ വലുപ്പം, ആഴം കുറഞ്ഞ ഫീൽഡ് നേടാൻ അനുവദിക്കുന്നു.  സെൻസർ വലുപ്പം ചെറുതാണെങ്കിൽ, വലുതോ വിശാലമോ ആയ ഫീൽഡ് നേടാൻ അനുവദിക്കുന്നു

ഒരു ഫുള്‍ ഫ്രെയിം ഡി.എസ്‌.എല്‍.ആര്‍ ഉപയോഗിക്കുന്ന ലെൻസ് ഹാഫ് ഫ്രെയിം ക്യാമറ ഉപയോഗിക്കുന്നതിനേക്കാൾ ആഴം കുറഞ്ഞ അതായത് ഷാലോ ഡെപ്ത് ഓഫ് ഫീൽഡ് നൽകും.

ഉദാഹരണത്തിന്: ഹാഫ് ഫ്രെയിം ക്യാമറ ഉപയോഗിച്ച് പകർത്തിയതിനേക്കാൾ 50 എംഎം ലെൻസ് ഒരു പൂർണ്ണ ഫ്രെയിം ക്യാമറയിലൂടെ ക്യാപ്‌ചർ ചെയ്യുമ്പോൾ ആഴം കുറഞ്ഞ ഡെപ്ത് ഓഫ് ഫീൽഡ് ഇമേജ് നൽകും. ഫുള്‍ ഫ്രെയിമിന്റെ സെൻസർ വലുപ്പം ഹാഫ് ഫ്രെയിമിന്റെ സെൻസർ വലുപ്പത്തേക്കാൾ വലുതാണ്.

സെന്‍സറുകളുടെ വലുപ്പം വിഷയത്തിന്‍റെ ആഴത്തെ ബാധിക്കുന്നു .ഫോട്ടോഗ്രഫി-എബിന്‍ അലക്സ്‌ | ക്യാമറ : കനാന്‍ ഈ.ഒ.സ് 1100D മാര്‍ക്ക്‌ lV, ഫോക്കല്‍ ദൂരം : 250 mm , അപ്പര്‍ച്ചര്‍ : F/6.3 , ഷട്ടറിന്റെ വേഗത : 1/80 sec,ഐ.എസ്.ഒ :100


© 2013 Abin Alex. All rights reserved. Reproduction or distribution of this article without written permission from the author is prohibited. Abin Alex is the director and founder of the Creative Hut Institute of Photography and Film. In addition, he is the founding chairman of the National Education and Research Foundation. He is a well-known Indian visual storyteller and researcher. He served as Canon’s official Photomentor for eight years. He has trained over a thousand photographers and filmmakers in India.

A Home for Creative Minds, India’s Premier Residential Visual Media College

Welcome to Creative Hut Institute of Photography and Film, First Residential Photography and Film Institute in India located in the natural picturesque calm 1,70,000 sq. ft. campus. Established in 2007, our institution offers a unique practical learning experience where traditional Gurukul way of learning combines with modern technologies.

Open chat
HI, How can I help You?
Admission In-charge
Hello, How can I help you?