back to top

മറ്റക്കര നാട്

-

Updated Date: 7/6/2024

ഭൂമിശാസ്ത്ര പ്രാധാന്യം : ഗ്രാമം
രാജ്യം : ഇന്ത്യ
സംസ്ഥാനം : കേരളം
ജില്ല : കോട്ടയം
ബ്ലോക്ക് : പാമ്പാടി
പഞ്ചായത്ത് : അകലക്കുന്നം

ഈ ലേഖനം മറ്റക്കരയിലെ പല ആളുകളുമായി നടത്തിയ അഭിമുഖങ്ങളിൽ നിന്നാണ് എടുക്കപ്പെട്ടത്. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ, ദയവായി 8589085220 എന്ന നമ്പറിലേക്ക് വിളിക്കുക അല്ലെങ്കിൽ വാട്‌സാപ്പ് ചെയ്യുക.

മറ്റക്കരയുടെ ചരിത്രം

കോട്ടയം താലൂക്കിലെ പാമ്പാടി ബ്ലോക്കിന് കീഴിലുള്ള അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചിൽ ഏഴ് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മറ്റക്കര. കോട്ടയത്ത് നിന്ന് 22 കി.മീ. വടക്കുകിഴക്കും, പൊൻകുന്നത്ത്‌ അത്രയും ദൂരം പടിഞ്ഞാറും, പാലായിൽ നിന്ന് 18 കി.മീ. തെക്കുപടിഞ്ഞാറും സ്ഥിതിചെയ്യുന്ന മറ്റക്കര ഒരു വലിയ കരയാണെന്നു വ്യക്തമാണ്.

പന്നഗം തോട് എന്ന നദി മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി തെക്ക് കിഴക്കായി ഒഴുകുന്നു. പന്നഗം തോടിന്റെ ഇരുവശത്തും ചെറുതും വലുതുമായ സമതലങ്ങൾ (മറ്റങ്ങൾ) സൃഷ്ടിച്ചിരുന്നു. അതുകൊണ്ട്, തന്നെ പല സ്ഥലങ്ങളും വീടുകളും ‘മറ്റം’ എന്ന വാക്ക് ചേർത്താണ് അറിയപ്പെടുന്നത്.

“മറ്റക്കര ചുറ്റെത്തുകയുമില്ല. അന്നൊരു വറ്റു കിട്ടുകയുമില്ല” എന്ന പഴമൊഴി വളരെ സുപ്രധാനമാണ്. മഞ്ഞാമറ്റം, തെക്കുംമറ്റം, ഐക്കരമറ്റം, കോവൂർമറ്റം, കുഴിക്കാട്ടുമറ്റം, പട്ട്യാലിമറ്റം, കൂർക്കമറ്റം, പാലാമറ്റം, പനമറ്റം, പുന്നയ്ക്കാമറ്റം, പൂവേലിമറ്റം, പാലയ്ക്കാമറ്റം, മുണ്ടമറ്റം, വേന്ദമ്പുറത്തുമറ്റം, വാപ്പാലമറ്റം, നാഗമറ്റം, പുള്ളിയില്‍മറ്റം, വാഴപ്പള്ളിമറ്റം, മാറാമറ്റം, ആലഞ്ചേരിമറ്റം, പാതിരിമറ്റം എന്നിവയും പെരുമ്പള്ളിക്കുന്ന്, നെല്ലിക്കുന്ന്, പള്ളിക്കുന്ന്, അട്ടപ്പൊങ്ങ്കുന്ന്, വട്ടമലക്കുന്ന് എന്നീ കുറച്ചു കുന്നുകളും ബാക്കിയായ പ്രദേശങ്ങൾ എല്ലാം “മറ്റങ്ങൾ” കൊണ്ടാണ്. അതുകൊണ്ടാണ് ഈ പ്രദേശം മറ്റം + കര = “മറ്റക്കര” അഥവാ “മറ്റങ്ങളുടെ കര” എന്ന പേരിൽ അറിയപ്പെടുന്നത്. “മറ്റേക്കര” എന്ന വാക്കിൽ നിന്നാണ് “മറ്റക്കര” ഉത്ഭവിച്ചതെന്ന് പറയുന്നവരും ഉണ്ട്. കൃത്യമായി “മറ്റക്കര” എന്ന സ്ഥലം കാണുവാൻ കഴിയില്ല. മണ്ണൂർപള്ളി, മണൽ, വടക്കേടം, ചുവന്നപ്ലാവ്, തച്ചിലങ്ങാട്, കരിമ്പാനി, മഞ്ഞാമറ്റം, പട്ടിയാലിമറ്റം, പാദുവാ, നെല്ലിക്കുന്ന് എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേർന്നതാണ് ഇന്നത്തെ മറ്റക്കര.

കുടിയേറ്റവും ക്ഷേത്രവും

വർഷങ്ങൾക്കു മുന്‍പ്‌ ആരന്മാർ എന്ന് അറിയപ്പെട്ടിരുന്ന ഐക്ക്യരയാര്, തിരുനിലത്തിലാര്, പറയക്കറ്റര് എന്നിങ്ങനെ മുന്ന് കുടുംബങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. അതില്‍ ഒരു കുടുംബം ക്രിസ്തിയാനികളും മറ്റു കുടുംബങ്ങള്‍ ഹിന്ദുക്കളും ആയിരുന്നു എന്നു പറയപ്പെടുന്നു. ഈ മൂന്ന് കുടുംബങ്ങളെക്കുറിച്ച് ഇന്ന് യാതൊരു അറിവും ലഭ്യമല്ല. 

മറ്റക്കരയിലെ തച്ചിലങ്ങാട് എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ആദ്യത്തെ ക്ഷേത്രമായ പുത്തെട്ടുകാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ അമ്പലം നിരവധി വർഷങ്ങൾ പഴക്കം ഉണ്ടന്ന് പറയപ്പെടുന്നു. പിന്നീട്, കോവൂർ എന്ന് അറിയപ്പെടുന്ന ഒരു കുടുംബം തമിഴ്നാട്ടിൽ നിന്ന് കുടിയേറി പാർക്കുകയും, അവർ ഒരു കുടുംബക്ഷേത്രം പണിയുകയും ചെയ്തു. ഇത് ഇന്ന് കോവൂർ ശ്രീ ധർമ്മ ദൈവക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്.

കോവൂർ കുടുംബത്തിലെ അടുത്ത തലമുറയിൽ ഒരു കുടുംബം തച്ചിലേട്ട് എന്ന സ്ഥലത്തേക്ക് മാറി താമസിച്ചു. അവിടെ, ഒരു ദിവസം, ഒരു ബ്രാഹ്മണ സ്ത്രീ എത്തി, തച്ചിലേട്ട് കുടുംബത്തിൽ നിന്ന് വിശപ്പു കാരണം അരിയും ഉറുളിയും ചോദിച്ചു. കുടുംബനാഥൻ രണ്ടുനാഴി അരിയും ഒരു ഉറുളിയും നൽകി. അവൾ അത് ഉപയോഗിച്ച് പാചകം ചെയ്തു.

വൈകുന്നേരം ആ സ്ത്രീയും ഉറുളിയും കാണാതായപ്പോൾ, കുടുംബാംഗങ്ങൾ അവളെ തിരയാൻ ആരംഭിച്ചു, പക്ഷേ അവിടെ ആരും കണ്ടില്ല. ഉറുളി കമിഴ്ന്നുകിടക്കുന്നതും അടുത്തുള്ള മരത്തിൽ ഒരു പട്ടുവസ്ത്രവും കണ്ടു. അപ്പോൾ പെട്ടെന്ന് ഒരു ആശരീരി കേട്ടു: “എന്നെ ജലത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് സ്ഥാപിക്കണം. ഞാൻ ദേവിയായതാണ്.”

ഇത് കേട്ടു, അവർ ദേവിയെ ശ്രീതുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പുത്തെട്ടുകാവ് ദേവി ക്ഷേത്രത്തിലെ ദേവിയും ശ്രീതുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ ദേവിയും ചേട്ടത്തി-അനുജത്തി ആണെന്ന വിശ്വാസവും നിലനിൽക്കുന്നു.

ശ്രീതുരുത്തിപ്പള്ളി ഭഗവതിയുടെ മൂലസ്ഥാനം ആറാട്ടുകടവ് പാതിരിമറ്റത്തിലാണ്. ആറാട്ട് കൊണ്ടുവരാൻ തച്ചിലേട്ട് കുടുംബത്തിനാണ് അവകാശം എന്നും ആ കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ ക്ഷേത്രത്തിൽ ചെല്ലുകയും ക്ഷേത്ര ചടങ്ങുകൾക്കു ശേഷം ദേവിയെ എഴുന്നള്ളിച്ചു കൊണ്ടുപോകുകയും ശ്രീമൂലസ്ഥാനത്തേക്കു വരുകയും ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്. മീനഭരണി ആറാട്ടിനായി ദേവി എത്തിച്ചേരുന്ന ഇവിടെ ആയിരത്തിൽപരം വർഷം പഴക്കമുള്ള ഒരു കൊട്ടാരവും ശ്രീകോവിൽത്തറയും ഉണ്ടായിരുന്നു. ഇപ്പോൾ അത് ശ്രീമൂലസ്ഥാനമായിട്ടാണ് കാണപ്പെടുന്നത്. മീനകോണിലുള്ള നക്ഷത്രവനവും തൊട്ടടുത്ത് ആറാട്ടുകടവും ഇവിടെ സ്ഥിതി ചെയ്യുന്നു.

പന്നഗംതോട്ടിലുള്ള ഈ കടവിൽ ആറാട്ട് സമയങ്ങളിൽ വെള്ളം ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള ആറാട്ട് കുളത്തിലാണ് ഇപ്പോൾ ആറാട്ട് നടക്കുന്നത്. തച്ചിലേട്ട് കൊട്ടാരത്തിൽ ദേവി വന്ന് ഇരുനാഴൂരി അരിയും പാചകത്തിനുള്ള ഒരു ഉറുളിയും ചോദിച്ചുവാങ്ങിയാണ് ദേവി ഇവിടെ കുടികൊള്ളുന്നതെന്നും, കൊട്ടാരത്തിനുള്ളിൽ വാളും പീഠവും ഉണ്ടെന്നുള്ള ഒരു സങ്കല്പവും നിലനിൽക്കുന്നു. തച്ചിലേട്ട് കൊട്ടാരത്തിൽ കിടങ്ങൂർ ക്ഷേത്ര ഊരാൺമക്കാരായ തിരുമേനിമാരാണ് തിരുവോണ ഊട്ടിനായി എത്തുന്നത്.

ക്ഷേത്രങ്ങള്‍

  1. ശ്രീതുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം
  2. കോവൂർ ശ്രീ ധർമ്മ ദൈവ ക്ഷേത്രം
  3. പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം
  4. അയിയൂർ മഹാദേവ ക്ഷേത്രം
  5. കുറ്റിയാനിക്കൽ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം

എസ്.എന്‍.ഡി.പി ക്ഷേത്രങ്ങള്‍

  1. ശ്രീനാരായണഗുരുമന്ദിരം, മണൽ

സർപ്പക്കാവുകള്‍

  1. കോവൂർ സർപ്പക്കാവുകൾ
  2. വെന്ദംപുറത്ത് സർപ്പക്കാവുകൾ
  3. കുളത്തുകര സർപ്പക്കാവുകൾ
  4. പുന്നയ്ക്കാമറ്റം സർപ്പക്കാവുകൾ
  5. മനക്കുന്നത്ത് സർപ്പക്കാവുകൾ
  6. മുണ്ടമറ്റം സർപ്പക്കാവുകൾ
  7. പനമറ്റം സർപ്പക്കാവുകൾ
  8. നാഗമറ്റം സർപ്പക്കാവുകൾ
  9. കുറ്റിയാനിക്കൽ സർപ്പക്കാവുകൾ
  10. പുള്ളിയിൽ സർപ്പക്കാവുകൾ
  11. പുളിമുട്ടിൽ സർപ്പക്കാവുകൾ

എന്നീ തറവാടുകളുടെ പേരിലുള്ളവയാണ് ഈ സർപ്പക്കാവുകൾ. വർഷംതോറും ഇവിടെ സർപ്പങ്ങൾക്ക് നൂറും പാലും നിവേദിക്കാറുണ്ട്. ഒരു പക്ഷേ കേരളത്തിൽ ഇത്രയും സർപ്പകാവുകൾ ഉള്ള ഒരു സ്ഥലം വേറെ കാണില്ല.

വിശ്വകർമ്മ ക്ഷേത്രങ്ങള്‍

നസ്രാണികളും പള്ളികളും

പള്ളികള്‍

  1. മറ്റക്കര തിരുക്കൂടംബ പള്ളി
  2. അൽഫോൻസാ ഗിരി പള്ളി
  3. തിരുഹൃദയം പള്ളി കരിമ്പാനി
  4. മഞ്ഞാമറ്റം സെന്‍റെ സെബാസ്റ്റ്യൻ പള്ളി
  5. മണ്ണൂർ സെന്‍റെ ജോർജ് പള്ളി
  6. സെന്‍റെ ആന്റണി പള്ളി പാദുവ

കുരിശ്ശ് അടി

  1. ക്രിസ്തുരാജ് ചാപ്പല്‍, വടക്കേടം
  2. സെന്റ് ജോർജ് ചാപ്പല്‍, മണല്‍
  3. സെന്റ് ജോർജ് ചാപ്പല്‍, കരിമ്പനി
  4. സെന്റ് മേരീസ് ചാപ്പല്‍, കരിമ്പനി
  5. മരിയൻ സെന്റ് ജൂഡ് ചാപ്പല്‍
  6. സെന്റ് ജോർജ് ചാപ്പല്‍, മണ്ണൂര്‍ പള്ളി 
  7. മഞ്ഞാമറ്റം 
  8. പാദുവ 
  9. നെല്ലിക്കുന്ന്

ഭൂപ്രകൃതിയും വീടുകളും

ഭൂപ്രകൃതിയനുസരിച്ച് മറ്റങ്ങളും, ചെറുകുന്നുകളും, തോടുകളും, കാട്ടരുവികളും, കേരവൃക്ഷങ്ങളും, കമുകിൻതോട്ടങ്ങളും, റബർമരങ്ങളും നെൽപ്പാടങ്ങളാലും ഫലഭൂയിഷ്‌ഠമായ പ്രദേശമാണ് മറ്റക്കര. ജാതി, കുരുമുളക്, എന്നി സുഗന്ധവിളകളും കൊക്കൊ, വാഴ, കപ്പ, കാപ്പി, കശുമാവ് പോലെയുള്ള വിളകളും കാണപ്പെടുന്നു. ആദിയ കാലങ്ങളില്‍ വീടുകൾ മിക്കവയും തെങ്ങോലയോ പനയോലയോ ഉപയോഗിച്ച് മേഞ്ഞിരുന്നു എന്നാല്‍ ഓടിട്ട വീടുകൾ കുറവായിരുന്നു. സാമ്പത്തിക ശേഷിയുള്ളവർ വീടുകൾക്ക് മരം കൊണ്ട് -നിര-ഭിത്തിയുണ്ടാക്കിയിരുന്നു മറ്റുള്ളവർ വെട്ടു കല്ലും മണ്ണിഷ്‌ടികയും ഉപയോഗിച്ചിരുന്നു. തറമിക്കവാറും ചാണകം മെഴുകിയതായിരുന്നു. വീടുകൾക്കൊന്നിനും അക്കാലത്ത് കക്കുസോ കുളിമുറിയോ ഉണ്ടായിരുന്നില്ല. റേഡിയോ, ടെലിവിഷൻ മുതലായവയെപ്പറ്റി കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇലക്ട്രിസിറ്റി, ടെലിഫോൺ മുതലായവയും അപ്രകാരം തന്നെ. ജനങ്ങൾക്കാവശ്യമുള്ള പച്ചക്കറികൾ അവർതന്നെ കൃഷി ചെയ്ത‌ിരുന്നു. മത്സ്യം തോട്ടിൽ നിന്നും തുരുത്തിപ്പള്ളി ചാലിൽ നിന്നും പിടിച്ചിരുന്നു. ജനങ്ങൾ ജാതി മതഭേദമെന്യേ സ്നേഹത്തിലും ഐക്യത്തിലും കഴിഞ്ഞിരുന്നു. കാലത്തിന്‍റെ മാറ്റത്തിന് അനുസരിച്ച് കോൺക്രീറ്റ് വീടുകളും പുതിയ കാലത്തിന്‍റെ വിടുകളും കണ്ടു തുടങ്ങി.

പന്നഗം തോട്

മറ്റക്കരയുടെ പ്രധാനരക്തധമനിയാണ് പന്നഗം തോട്. കുടി നീരിനും ഗതാഗതത്തിനും, തോട് നമ്മുടെ പൂർവ്വികർ നന്നായി ആശ്രയിച്ചിരുന്നു. കുന്നിൻചെരുവിലൂടെ ഒഴുകി സമതലങ്ങളിൽ ചെറിയ മറ്റങ്ങൾ തീർത്ത് ആദ്യം വടക്കോട്ടും പിന്നെ പടിഞ്ഞാറോട്ടും ഒഴുകി മീനച്ചിലാറ്റിൽ ചെന്നുചേരുന്നു.

ഒരു പാമ്പിന്‍റെ സഞ്ചാരഗതിപോലെ, വളഞ്ഞ് പുളഞ്ഞ് പല കുന്നുകൾക്കും വലം വെച്ച് ഏഴു പഞ്ചായത്തുകളെ തഴുകി തണുപ്പിച്ച് മുപ്പതു കിലോമീറ്ററോളം ഒഴുകി, ആയിരങ്ങൾക്ക് കുടിനീർ നല്‍കി, പുന്നത്തുറ ഭാഗത്ത് മീനച്ചിലാറ്റിൽ പതിയ്ക്കുന്ന വലിയ ഒരു തോടാണ് പന്നഗം. മീനച്ചിലാറ്റിൽ സംഗമിക്കുന്ന ഏറ്റവും വലിയ തോടും ഇതുതന്നെ. പഴയകാലത്ത് മറ്റക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗ്ഗം മറ്റക്കരയുടെ മദ്ധ്യത്തിൽക്കൂടി ഒഴുകുന്ന പന്നഗം തോടായിരുന്നു.

കൂട്ടനാട്ടിൽനിന്നും കെട്ടുവള്ളങ്ങളിലും, ചങ്ങാടങ്ങളിലും നെല്ല്, കെട്ടിടം പണിക്കും വളത്തിനും ആവശ്യമായ കുമ്മായം ഉണ്ടാക്കുവാനുള്ള കക്കാ തുടങ്ങിയ സാധനങ്ങൾ ഇവിടെ കൊണ്ടുവന്ന് വില്ക്കുകയും ഇവിടെ നിന്നും കപ്പ, വിറക് തുടങ്ങിയവ വാങ്ങിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന വ്യാപാരികളായ വള്ളക്കാർ മുമ്പ് ധാരാളം ഉണ്ടായിരുന്നു അതുപോലെ ഈ നാട്ടിൽനിന്നും നാളികേരം, കൊപ്ര, കപ്പ, ഇഞ്ചി,ചുക്ക്, മഞ്ഞൾ, കുരുമുളക് മുതലായവ കോട്ടയം, ആലപ്പുഴ തുടങ്ങിയ – വ്യാപാരകേന്ദ്രങ്ങളിൽ കൊണ്ടുപോയി വിൽക്കുകയും അവിടെനിന്നും അരി, ഉപ്പ്, മുളക്, മണ്ണെണ്ണ, മറ്റ് എണ്ണകൾ തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ ഇവിടെ കൊണ്ടുവരികയും ചെയ്‌തിരുന്നത് വള്ളത്തിലായിരുന്നു.

തോട്ടിലുടെ കൊണ്ടുവരുന്ന സാധനങ്ങള്‍ വില്‍ക്കലും വാങ്ങലും നടത്താന്‍ ഒരു ചന്തയുണ്ടയിരുന്നു. തോടിന്‍റെ ഇരുവശങ്ങളും ഉണ്ടായിരുന്നവര്‍ ഈ ചന്തയില്‍ വരുകയും മറ്റേ കരയില്‍ പോകുന്നു എന്ന് പറഞ്ഞു പറഞ്ഞ്‌ മറ്റക്കര എന്ന് പേര് വന്നത് എന്ന് വിശ്വാസിക്കുന്നു. ഇന്ന് ചുവന്നപ്ലാവ് എന്നറിയപ്പെടുന്ന സ്ഥലത്ത് ആയിരുന്നു ഈ ചന്ത സ്ഥിതിചെയ്തിരുന്നത് . കോട്ടയം ജില്ലാ ആശുപത്രിയിലേക്കും മറ്റും രോഗികളെ കൊണ്ടുപോകുന്നത് വള്ളത്തിൽ അല്ലെങ്കിൽ കട്ടിലിൽ കിടത്തിയോ കസേരയിൽ ഇരുത്തിയോയായിരുന്നു. മറ്റക്കരിയിലെ പഴയ പള്ളിയുടെ പണിക്ക് കക്കയും, പുതിയ പള്ളിയുടെ പണിക്ക് കക്കാ, സിമന്റും , കമ്പി, മുതലായ സാധനങ്ങളും വള്ളത്തിലായിരുന്നു കൊണ്ടുവന്നത്.

ഗതാഗതവും യാത്ര സൗകര്യവും

മറ്റക്കരയുടെ മധ്യത്തിൽ കൂടി ഒഴുകുന്ന പന്നഗം തോടിന് വാഹനങ്ങൾ കടക്കാവുന്ന പാലങ്ങളൊന്നും ഇല്ലായിരുന്നു. വളഞ്ഞ തേക്കുതടി കൊണ്ടുള്ള ഒരു പാലം ചുവന്ന പ്ലാക്കൽ ഐക്കരപ്പാലം ഉണ്ടായിരുന്നു. മറ്റു സ്‌ഥലങ്ങളിൽ ജനങ്ങൾ വർഷകാലത്ത് കമുകു കൊണ്ടും മറ്റും താല്ക്കാലിക പാലങ്ങൾ കെട്ടിയിരുന്നു.

ആളുകള്‍ വഞ്ചികളിലും വള്ളങ്ങളിലും ചെങ്ങടങ്ങളിലും കാളവണ്ടികളിലും സഞ്ചരിച്ചിരുന്നു. ആളുകള്‍ക്ക് ആശ്രയമായി മറ്റക്കരയില്‍ ആദ്യമായി വരുന്ന ഗതാഗത മാര്‍ഗം ജവാന്‍ മോട്ടോര്‍സ് എന്നഒരു ബസാണ്. ഇന്ന് ചുവന്ന പ്ലാവ് എന്ന് പറയുന്ന സ്ഥലത്ത് വരയെ ബസുകള്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് ചുവന്നപ്ലാവ് എന്ന് അറിയപ്പെടുന്ന സ്ഥലമായിരുന്നു മറ്റക്കര എന്ന സ്ഥലമെന്നും ഇന്ന് അതിന്‍റെ അവശിഷ്ടം എന്ന് നിലയില്‍ മറ്റക്കര “0” എന്ന ഒരു മയില്‍കുറ്റിയും കാണാം.

ബസ്‌ മാര്‍ഗത്തിലുടെ ആളുകള്‍ മറ്റക്കരയില്‍ നിന്ന് കോട്ടയത്തെക്കും കോട്ടയതുന്നിന്നും മറ്റക്കരയിലെകും സഞ്ചരികുവാന്‍ തുടങ്ങി. അതിനു ശേഷമാണ് ചുവന്നപ്ലവ് പാലം വരുന്നത് അതോടുകുടി ചുവന്നപ്ലവ് കഴിഞ്ഞും ഗതാഗത മാര്‍ഗം വന്നു തുടങ്ങി.
പന്നഗം തോടിൻ്റെ പാലങ്ങളിൽ ഉയരം കണക്കാക്കിയാൽ രണ്ടാംസ്ഥാനം ചുവന്ന പ്ലാവ് പാലത്തിന് തന്നെ നല്‌കാം. പാറക്കെട്ടുകൾക്കിടയിലുള്ള ഒരു സുരക്ഷിത സ്ഥലംപോലെയാണ് ഈ കയം. 23 ഏപ്രില്‍ 1958 ല്‍ തിരുവല്ല കോണ്ട്രാക്ടര്‍മാരാണ് ചുവന്ന പ്ലാവ് പാലം നിര്‍മ്മിക്കുനത് അതോടുകൂടി മറ്റക്കരയുടെ ഗതാഗത മാര്‍ഗവും പുരോഗമിക്കുന്നു ബസുകളും മറ്റും പാലത്തില്‍ കൂടി പോകുവാന്‍ തുടങ്ങി. ജവാന്‍ മോട്ടോര്‍സിന് ശേഷം ബീന ബസ്‌ 1971 മുതല്‍ ഓടി തുടങ്ങി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  മറ്റക്കരയിലെ ആദ്യത്തെ വിദ്യാഭാസ സ്ഥാപനമായ ഗവ: എൽ പി സ്കൂൾ 1883-ലാണ് വിദ്യാലയം സ്ഥപികുന്നത്. മറ്റക്കരയില്‍ 1 നേര്‍സെറിയും 6 സ്കൂളുകളും 4 കോളേജുകളുമാണ് ഉള്ളത്.

നേര്‍സെറി സ്കൂള്‍

  1. നേര്‍സെറി സ്കൂള്‍, മണല്‍, മറ്റക്കര

സ്കൂള്‍

  1. മറ്റക്കര ഹയര്‍ സെക്കന്ററി സ്കൂള്‍
  2. സെന്‍റ് ജോസഫ്‌ ഹൈസ്കൂള്‍ മഞ്ഞമറ്റം
  3. സെന്‍റ് അന്തോനീസ് എല്‍ പി സ്കൂള്‍ മഞ്ഞമറ്റം
  4. തച്ചിലാങ്ങ്ട്‌ എല്‍ പി സ്കൂള്‍ മറ്റക്കര
  5. അകലക്കുന്നം ഗവ: എല്‍ പി സ്കൂള്‍ മറ്റക്കര
  6. സെന്‍റ് അന്തോനീസ് എല്‍ പി സ്കൂള്‍, പാദുവ , മറ്റക്കര

കോളേജ്

  1. ക്രീയേറ്റീവ് ഹട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രഫി ആന്‍ഡ്‌ ഫിലിം, മറ്റക്കര
  2. ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ്‌ പോളിടെക്നിക്ക്, മറ്റക്കര
  3. ടോംസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ്, മറ്റക്കര
  4. മോഡല്‍ പോളിടെക്നിക്ക് കോളേജ് (IHRD), മറ്റക്കര

വായനശാലകള്‍

  1. ജ്ഞാനപ്രകാശിനി വായനശാല, മണല്‍ മറ്റക്കര
  2. ബി എസ്‌ എസ്  നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറി, പട്ടിയാലിമറ്റം മറ്റക്കര
  3. മഞ്ഞമറ്റം പബ്ലിക്‌ ലൈബ്രറി
  4. നെല്ലികുന്ന് പബ്ലിക്‌ ലൈബ്രറി

ആരോഗ്യ കേന്ദ്രങ്ങള്‍

  1. ഗവർമൻറ്റ് ഹോമിയോ ഡിസ്പെന്‍സറി, കരിമ്പാനി

വെറ്ററിനറി

1. ഗവ. മൃഗാശുപത്രി മറ്റക്കര

വികസനം: പുതിയ കാഴ്ചപ്പാടുകൾ

പന്നഗം തോടും പ്രളയവും

വർഷകാലത്ത് പന്നഗം തോട്ടിൽ അടിക്കടി ഉണ്ടാകുന്ന പ്രളയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മറ്റക്കരയെ ആണ്. പുളിക്കൽ കവല, ഏഴാംമൈൽ, പള്ളിക്കത്തോട് ഭാഗങ്ങളിലൊക്കെ ഒന്നോ രണ്ടോ തവണ മാത്രം പന്നഗത്തിലെ പ്രളയം ബാധിച്ചപ്പോൾ 2015 മുതൽ എല്ലാ വർഷവും നിരവധി തവണയാണ് മറ്റക്കരയിൽ പന്നഗം പ്രളയം വിതച്ചത്. ഇതിൽ 2021ൽ മാത്രം പത്തിലേറെ തവണ മറ്റക്കരയിൽ പന്നഗം കരകവിഞ്ഞു.നൂറുകണക്കിന് വളവുള്ള പന്നഗത്തിൽ ശാസ്ത്രീയമല്ലാതെ പണിത തടയണകളും അതിൽ അടിയുന്ന ചളിയും വെള്ളപ്പൊക്കത്തിന് ഗുരുതര കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുമ്പോഴും പരിഹാരമാർഗങ്ങൾ ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. പല സ്ഥലത്തും തോട് കൈയേറി വീതി കുറഞ്ഞതായി പരക്കെ ആക്ഷേപമുണ്ട്. പ്രദേശിക ഭരണകൂടങ്ങൾ മുൻകൈയെടുത്ത് തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കി വീതിയും ആഴവും കൂട്ടണമെന്ന് പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. രണ്ടുവർഷം മുമ്പ് ഇറിഗേഷൻ അധികൃതർ മറ്റക്കരയിൽ പന്നഗം തോട് സന്ദർശിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ തോട്ടിലെ മണ്ണ് വാരി മാറ്റുമെന്നും വെള്ളപ്പൊക്കത്തിന് പ്രധാന കാരണമാകുന്ന പടിഞ്ഞാറെ പാലം തടയണയുടെ അശാസ്ത്രീയത പരിഹരിക്കുമെന്നും ഉറപ്പ് നൽകിയതുമാണ്. പക്ഷേ, സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ പരിഹാര പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കംമൂലം നിരവധി പേരുടെ കൃഷിയും വീട്ടുവസ്തുക്കളും എല്ലാ വർഷവും നശിക്കുന്ന കാഴ്‌ച ഇപ്പോൾ പതിവാണ്. പടിഞ്ഞാറേ പാലം, ചുവന്നപ്ലാവ് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസ്സവും സ്ഥിരം കാഴ്‌ചയാണ്. തച്ചിലങ്ങാട്, ചുവന്ന പ്ലാവ്, നെല്ലിക്കുന്ന്, വാഴപ്പള്ളി പാലം, പടിഞ്ഞാറെ പാലം തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന മേഖല കൂടിയാണിത്. മണലും ചളിയും വൻതോതിൽ അടിഞ്ഞതും മാലിന്യം കൂടിയതും തടയണകളുടെ അതിപ്രസരവുമാണ് തോടിന്റെ ഒഴുക്കിനെ തടയുന്നത്. അനാവശ്യ തടയണകൾ പൊളിച്ചുമാറ്റുകയും മണ്ണും ചളിയും വാരിമാറ്റുകയും ചെയ്ത് തോട്ടിലെ കൈയേറ്റം അവസാനിപ്പിച്ച് വീതി പുനഃസ്ഥാപിച്ചാൽ പെട്ടെന്നുണ്ടാകുന്ന പ്രളയത്തിന് പരിഹാരം കാണാൻ പറ്റും എന്നാണ് ജനാഭിപ്രായം. പടിഞ്ഞാറേ പാലം കടവിലെ ചപ്പാത്ത് പൊളിച്ചുനീക്കി പാലം ഉയർത്തി പണിയണം എന്നതും വർഷങ്ങൾ പഴക്കമുള്ള ആവശ്യമാണ്.

Note: “The documentary article is currently a work in progress, with further updates and insights to be added soon.”

Copyrights: All the photos and text in this post are the copyright of Creative Hut Institute of Photography and Film. Their reproduction, full or part, is forbidden without the explicit approval of the rightful owners.

CREATIVE HUT INSTITUTE OF PHOTOGRAPHY

We offer One year Professional Diploma In Photography and Cinematography. And also provide specialized courses in Wildlife Photography, Travel Photography, Food and Product Photography, Photojournalism, Fashion Photography, Photo Editing and Video Editing. Admission Open !


    Terms & Privacy policy

    What is 5 + 2 ?

    Open chat
    HI, How can I help You?
    Admission In-charge
    Hello, How can I help you?